ഇതൊരു ഒന്നൊന്നര ഋത്വിക് റോഷൻ/ Review


MOVIE VERDICT
MOVIE: കട്ടപ്പനയിലെ ഋത്വിക് റോഷൻ
DIRECTION: Nadirshah
PRODUCTION: Dileep & Zachariah Thomas
STARS IN: Vishnu Unnikrishnan, Siddique, Salim Kumar, Prayaga Martin, Dharmajan Baulgauty
(Movie Review by VISHNU VAMSHA)
‘നിങ്ങളൊരു നടനാകണമെന്നു നിങ്ങൾ വിചാരിച്ചാൽ നിങ്ങളതു ആയിരിക്കും…’മാർട്ടിൻ പ്രക്കാട്ടിന്റെ ‘ബെസ്റ്റ് ആക്ടർ’ എന്ന ചിത്രത്തിലെ ഡയലോഗാണിത്. ‘ബെസ്റ്റ് ആക്ടറി’ലെ മോഹനെപ്പോലെ അഭിനയ മോഹവുമായി നടക്കുന്ന കിച്ചുവെന്ന ചെറുപ്പക്കാരന്റെ ജീവിതമാണു ‘കട്ടപ്പനയിലെ ഋത്വിക് റോഷനെ’ന്ന കൊച്ചു ചിത്രത്തിന്റെ ഇതിവൃത്തം.
ആദ്യ ചിത്രം വലിയ വാദ്യഘോഷങ്ങളോടെ തിയറ്ററിലെത്തി വൻ വിജയമായപ്പോൾ നാദിർഷാ 50കോടി ക്ലബ്ബിൽ ഇടം പിടിച്ച സംവിധായകനായി. ആദ്യ ചിത്രത്തിലേതു പോലെ മുൻനിര താരത്തെ കേന്ദ്ര കഥാപാത്രമാക്കാതെ അദ്ദേഹം രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നവെന്ന വാർത്തകൾ വന്നപ്പോൾ തന്നെ താരം തിരക്കഥയായിരിക്കുമെന്നു പ്രേക്ഷകർ ഉറപ്പിച്ചിരുന്നു. പ്രതീക്ഷ തെറ്റിയില്ല, ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ല്‍ താരം തിരക്കഥ തന്നെയാണ്.
ജയന്റെ ആരാധകനാണു കട്ടപ്പനക്കാരനായ ചുമട്ടു തൊഴിലാളി സുരേന്ദ്രൻ. എഴുപതുകളിലെ താരാധിപത്യം നിറഞ്ഞു നിന്ന കാലത്തു ജയനെന്ന അനശ്വര നടനെ ആരാധിച്ചു കാലം തള്ളി നീക്കിയ സുരേന്ദ്രൻ ജീവിതത്തിൽ അദ്ദേഹത്തെ അനുകരിക്കുകയും ചെയ്തു. ജയന്റെ മരണ ശേഷം ജയനു പകരക്കാരനായി സിനിമയിലെത്താൻ ആയാൾ ശ്രമിച്ചുവെങ്കിലും ആ മോഹം പൂവണിഞ്ഞില്ല. തുടർന്നു തന്റെ മകനെ നടനാക്കുമെന്നു അയാൾ പരസ്യമായി പ്രഖ്യാപിക്കുന്നു.
മലയാള സിനിമയിലേക്കു മൊഞ്ചുള്ള ഒരു നടനെ സംഭവന ചെയ്യുകയെന്ന ലക്ഷ്യത്തോടെ അയാൾ കല്യാണം കഴിയ്ക്കുന്നു. വൈകാതെ സുരേന്ദ്രനും ഭാര്യ സീമയ്ക്കും ഒരു മകൻ പിറക്കുന്നു.എന്നാൽ പ്രതീക്ഷയ്ക്കു വിപരീതമായി അവരുടെ മകൻ വെളുത്തു തുടുത്ത സുന്ദരൻ കുട്ടിയായിരുന്നില്ല. എങ്കിലും സുരേന്ദ്രൻ തളരുന്നില്ല. തന്റെ മകനു ജയന്റെ യഥാർഥ പേര്(കൃഷ്ണൻ നായർ) നൽകി മകനെ കിച്ചുവെന്നു വിളിയ്ക്കുന്ന സുരേന്ദ്രൻ മകനെ സിനിമയിലെത്തിക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുന്നു. തുടർന്നുള്ള സംഭവ വികാസങ്ങളാണു ചിത്രത്തിന്റെ വികാസ പരിണാമ ഘട്ടങ്ങളിൽ.
പൊലീസുകാരന്റെ പേര് കുട്ടൻ പിള്ള,അടിച്ചു തളിക്കാരിയുടേത് ജാനു,നാടുവിട്ടു പോയ കുട്ടിയാണെങ്കിൽ പേര് ഉണ്ണി എന്നിങ്ങനെ മലയാള സിനിമയിലെ ചില ക്ലീഷേകൾ പരിഹാസത്തിനു പാത്രമായി.അഭിനയത്തിന്റെ കാര്യത്തിൽ ചിലരുടെ ഉള്ളിലുള്ള മിഥ്യാ ധാരണകള്‍വിമർശിക്കപ്പെട്ടു. ഉയർന്ന സാറ്റലൈറ്റ് റൈറ്റ് ലഭിയ്ക്കാനും പ്രേക്ഷക സ്വീകാര്യതയ്ക്കുമായി മുൻനിര താരങ്ങളെ മാത്രം നായകരാക്കി സിനിമയെടുക്കുന്ന ചില നിർമാതാക്കളുടെ ശീലവും വിമർശിക്കപ്പെട്ടു.
ചിത്രത്തിന്റെ ആദ്യ പകുതി ഹാസ്യാത്മകമാണ്. എന്നാൽ രണ്ടാം പകുതി വികാര നിർഭരമായി പലയിടത്തും. കാഴ്ചക്കാരന്റെ കണ്ണ് നനയ്ക്കുന്ന അനവധി സന്ദർഭങ്ങൾ രണ്ടാം പകുതിയിലുടനീളം കാണാമായാരുന്നു. കുറവുകൾ കൂടുതലുള്ളവൻ, ഒന്നിനും കൊള്ളാത്തവൻ എന്നൊക്കെ പരിഹസിക്കപ്പെടുന്നവരിലൂടെ ഒരാളോ ഒരു കൂട്ടം പേരോ ജീവിതത്തിലേക്കു മടങ്ങിയെത്തുമെന്ന സന്ദേശം കാഴ്ചക്കാരിലേക്കു പകർന്ന ശേഷമാണു ചിത്രം അവസാനിക്കുന്നത്.
കിച്ചു(കൃഷ്ണൻ നായർ)വെന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച തിരക്കഥാകൃത്തിലൊരാൾ കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണൻ ഇരുത്തം വന്ന പ്രകടനം കാഴ്ചവച്ചു. സിദ്ധിഖിന്റെ സുരേന്ദ്രനെന്ന കഥാപാത്രം അഭിനന്ദനമർഹിക്കുന്നു. കാലങ്ങൾക്കു ശേഷം സലീം കുമാർ രസകരമായ ഒരു കഥാപാത്രത്തിനു ജീവൻ നൽകി. സലീം കുമാറിനെ ആദ്യം സ്ക്രീനിൽ കാണിക്കുന്ന രംഗം അങ്ങേയറ്റം മികച്ചതായിരുന്നു.
ധർമ്മജൻ ബോൾഗാട്ടിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. സിജു വിൽസൺ, പ്രയാഗ റോസ് മാർട്ടിൻ,ലിജാ മോൾ, ജാഫർ ഇടുക്കി, മാസ്റ്റർ ആദിഷ്, കലാഭവൻ ഷാജോൺ,രാഹുൽ മാധവ്, കോട്ടയം പ്രദീപ്,കോട്ടയം നസീർ, ജോർജ്, അബു സീലം,സീമ ജി. നായർ, ബിബിൻ ജോർജ് എന്നിവരും തങ്ങളുടെ റോളുകൾ ഭംഗിയാക്കി.
സംവിധായകനെന്ന നിലയിൽ നാദിർഷായുടെ മികവ് ചിത്രത്തിലുടനീളം ദൃശ്യമായിരുന്നു.തിരക്കഥയെഴുതിയ ബിബിൻ ജോർ‌ജ്,വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു. ദ്വയാര്‍ഥ പ്രയോഗങ്ങളോ നിലവാരമില്ലാത്ത സംഭാഷണങ്ങളോ ഇല്ലാതെ ഒരു ഹിറ്റ് ചിത്രത്തിനു വേണ്ട ചേരുവകളുള്ളനല്ലൊരു തിരക്കഥയാണു ഈ കൂട്ടുകെട്ട് ഒരുക്കിയത്.
‘സപ്തമശ്രീ തസ്കര’യിൽ കഥ പറച്ചിലിനു കുമ്പസാരത്തെ ആശ്രയിച്ചുവെങ്കിൽ ഇവിടെ തിരക്കഥാകൃത്തുക്കൾ ആശ്രയിച്ചതു ആത്മഹത്യാ കുറിപ്പിനെയായിരുന്നു.അതു ക്ലീഷേ കഥ പറച്ചിൽസമ്പ്രദായത്തിൽ നിന്നുള്ള പൊളിച്ചെഴുത്തായി. വാട്ടാസ്പ്പിലും ഫെയ്സ്ബുക്കിലുമൊക്കെ പ്രചരിച്ച ഹൃദയ സ്പർശിയായ ചില പോസ്റ്റുകളുടെ ആത്മാംശം തിരക്കഥയിൽ പലയിടത്തായി തുന്നിച്ചേർത്തിട്ടുണ്ട്.
ചിത്രത്തിന്റെ സംഗീതം ശരാശരി നിലവാരം പുലർത്തി. വൈക്കം വിജയലക്ഷ്മിയും റിമി ടോമിയും ചേർന്നു ആലപിച്ച മാർഗംകളി ഗാനം മികച്ചു നിന്നു. ബിജിപാലിന്റെ പശ്ചാത്തല സംഗീതം തിരക്കഥയുടെ മൂഡിനൊപ്പം സഞ്ചരിച്ചു. ഷാംദത്ത് സൈനുദ്ദീന്റെ ക്യാമറ കട്ടപ്പനയുടെയും പരിസര പ്രദേശങ്ങളുടെയും മനോഹാര്യത ഒപ്പിയെടുത്തു. ലിജോ പോളിന്റെ എഡിറ്റിങ്ങിൽ അപാകതയൊന്നും പ്രകടമായിരുന്നില്ല.
Verdict: 3.5/5
വാൽക്കഷ്ണം: ചിരിക്കാനും ചിന്തിയ്ക്കാനും വകയുള്ള ഒരു കൊച്ചു ചിത്രം.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s