മികവുറ്റ മത്സര ചിത്രങ്ങൾ;ചരിത്രത്തിൽ ഈ മേളയ്ക്കു ഉന്നത സ്ഥാനം

ഇരുപത്തിയൊന്നാമത് രാജ്യാന്തര മേളയിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ ഏറിയ കൂറും മികച്ച നിലവാരം പുലർത്തിയെന്ന കാര്യം വരും കാല മേളകൾക്കു നൽകുന്ന ഊർജം ചെറുതല്ല. ആനുകാലിക പ്രസക്തിയും സാമൂഹിക പ്രതിബന്ധതയും വിളംബരം ചെയ്ത ഒരുപിടി നല്ല ചിത്രങ്ങളാണു മേളയുടെ മത്സര വിഭാഗത്തിൽ മാറ്റുരച്ചത്. കാഴ്ചക്കാരനെ നൊംബരപ്പെടുത്തുകയും നെറ്റി ചുളുപ്പുക്കുകയും ഉറക്കം കെടുത്തുകയും ചെയ്യുന്ന ചിത്രങ്ങള്‍ പുതിയ സിനിമാക്കാരിലേക്കു പകരുന്നതു നല്ല സന്ദേശമാണ്. പതിവ് കീഴ്‌വഴക്കങ്ങളെ അതിജീവിച്ചു പരീക്ഷണാടിസ്ഥാനത്തിൽ പുതിയ കലാ സൃഷ്ടികൾക്കു ജന്മം നൽ‌കാനുള്ള താൽപര്യം ജനിപ്പിക്കുന്ന തലത്തിലേക്കാണു ചിത്രങ്ങൾ ഓരോ ചലച്ചിത്ര മേള പ്രതിനിധിയേയും കൂട്ടിക്കൊണ്ടു പോയത്. 

മുഹമ്മദ് ഡയാബെന്ന അറബിക് സംവിധായകനൊരുക്കിയ ‘ക്ലാഷാ’ണു മത്സര ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയത്. പ്രമേയപരമായും സാങ്കേതിക തികവ് കൊണ്ടും ഏറെ ചർച്ചാ വിഷയമായ ചിത്രം കെയ്റോയിൽ നടന്ന സംഭവത്തിന്റ പുനരാവിഷ്കാരമാണ്. കഥാപാത്രങ്ങള്‍ക്കു അതേ പേരല്ല നൽകിയിരിക്കുന്നെങ്കിലും പല കഥാപാത്രങ്ങളും ഇന്നു ജീവിച്ചിരിക്കുന്നവരുടെ പ്രതിബിംബങ്ങളാണ്. ഛായാഗ്രാഹണ രംഗത്തും തരിക്കഥാ രചനയിലും പ്രകടമായ പക്വത ചിത്രത്തെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ചു. പ്രതിനിധികളുടെ ബഹളം മൂലം കൈരളി തിയറ്ററിലെ പ്രദർശനം ഒരു തവണ നിർത്തി വയ്ക്കേണ്ടി വന്നു ‘ക്ലാഷി’ന്. അതു ചിത്രം കണ്ടിട്ടായിരുന്നില്ല, മറിച്ച് ചിത്രം കാണാൻ തിയറ്ററിനുള്ളിൽ കയറാൻ പറ്റാത്തതിൽ പ്രതിഷേധിച്ചായിരുന്നു. 

രാജ്യാന്തര ഖ്യാതിയുള്ള മലയാളി സംവിധായകനായ ഡോ. ബിജുവിന്റെ ‘കാട് പൂക്കുന്ന നേരം’ പ്രദർശിപ്പിച്ചതു നിറഞ്ഞ സദസ്സിലായിരുന്നു. സംവിധായകനൊപ്പം ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രജിത്തും റിമ കല്ലിംഗലും ചിത്രം കാണാനെത്തിയതു വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. മാവോയിസ്റ്റ് ബന്ധം സംശയിച്ചു ഒരു പൊലീസുകാരൻ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യുകയും തുടർന്നു ഇവർ കാട്ടിലകപ്പെടുകയും ചെയ്യുന്നതിലൂടെയുണ്ടാകുന്ന സംഭവ വികാസങ്ങളാണു ചിത്രത്തിന്റെ ആദിമധ്യാന്തം. ഡോ. ബിജുവിന്റെ ഏറ്റവും മികച്ച ചിത്രം ഇതു തന്നെയാണെന്നുള്ള പ്രതികരണമാണു സിനിമ കണ്ട പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്. പൊലീസിന്റെ ഏകാധിപത്യ മനോഭാവവും നമ്മുടെ സംസ്കാരത്തിലെ മൂല്യ ച്യുതിയും ചിത്രം ചോദ്യം ചെയ്യുന്നു. 

സ്വയം കണ്ടെത്താനും സ്വയം പക്വത വരുത്താനും ശ്രമിക്കുന്ന രണ്ടു സ്ത്രീകൾ സമൂഹത്തിൽ ഒറ്റപ്പെടുമ്പോളുണ്ടാകുന്ന സംഭവ വികാസങ്ങള്‍ നിർവചിച്ച ചിത്രമാണു യസീം ഉസ്ത്വോഗോയുടെ ‘ക്ലയർ ഒബ്സ്ക്യൂർ’. ടർക്കിഷ് ഭാഷയിൽ ഒരുങ്ങിയ ഈ ചിത്രം പ്രദർശിപ്പിച്ചതു നിറഞ്ഞ സദസ്സിലായിരുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടയുടെ പ്രകടനം പ്രത്യേകം അഭിനന്ദനത്തിനു പാത്രമായി. വൈകാരികവും വൈവിധ്യവുമായ യാഥാർഥ്യങ്ങളെ ചർച്ച ചെയ്യുകയാണു ചിത്രം. 

ക്വീമോഴ്സ് പോർമാദെന്ന പേർഷ്യൻ സംവിധായകന്റെ ‘വെയർ ആർ മൈ ഷൂസ്’ എന്ന ചിത്രം പ്രശംസ പിടിച്ചു പറ്റി. അല്‍ഷിമേഴ്സ് രോഗിയായ ഹബീബ് കാവേയുടെയും കുടുംബത്തിന്റെയും ജീവിതത്തെയാണു ചിത്രം നിർവചിച്ചത്. സംഗീതം, ഛായാഗ്രഹണം, ചിത്ര സംയോജനം തുടങ്ങിയ മേഖലകളിൽ ചിത്രം മുന്നിട്ടു നിൽക്കുന്നു. ഒപ്പം ശക്തമായ ആശയം കാഴ്ചക്കാരിലേക്കു എത്തിക്കാൻ സാധിക്കുന്നുവെന്നും വിലയിരുത്തപ്പെട്ടു. 

മാൻഡറിൻ, മലായ്, ഇംഗ്ലീഷ് തുടങ്ങി മൂന്നു ഭാഷകളിലൊരുങ്ങിയ സിംഗപ്പൂറിൽ നിന്നുള്ള ചിത്രം ‘ദി റിട്ടേണും’ മികച്ച അഭിപ്രായം നേടി. ഗ്രീൻ സാംഗ് സംവിധാനം ചെയ്ത ചിത്രം കമ്മ്യൂണിസ്റ്റെന്നു ആരോപിച്ചു തടവിലാക്കപ്പെട്ട വെൻ എന്ന വ്യക്തിയുടെ തടവറ കാലത്തിനു ശേഷമുള്ള ജീവിതം നിർവചിച്ചു. തടവറയിൽ കഴിഞ്ഞ ശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തുന്ന അയാൾ ജീവിതത്തിൽ നേരിടുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികളെ തുറന്നു കാട്ടുകയാണു ചിത്രം. ഒരു പരിധി വരെ യാഥാർഥ്യാത്തോടു അടുത്തു നിൽക്കുന്ന പ്രമേയം വരച്ചു കാട്ടിയെന്നുള്ളതാണു ചിത്രത്തിന്റെ വലിയ പ്രത്യേക.

ടർക്കിഷ് സംവിധായകനായ മുസ്തഫ കറായുടെ ‘കോൾഡ് ഓഫ് കലന്ദർ’ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും അതിജീവനത്തിനായുള്ള മനുഷ്യന്റയും പോരാട്ടത്തെയും അഭ്രപാളിയിൽ പൂർണതയോടു കൂടി ചിത്രീകരിച്ചു. ജീവിക്കാൻ എന്തു ചെയ്യണമെന്നല്ല, എങ്ങനെ ചെയ്യണമെന്നാണു ചിന്തിക്കേണ്ടതെന്ന തിരിച്ചരിവിലേക്കു ചിത്രം കാഴ്ചക്കാരെ കൂട്ടിക്കൊണ്ടു പോയി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മെഹ്മത് അനവധി പേരുടെ പ്രതിഫലനമാണ്.

സിനിമയെന്ന ദൃശ്യ മാധ്യമത്തിൽ ഭാഷയ്ക്കു യാതൊരു പ്രാധാന്യവുമില്ലെന്ന യാഥാർഥ്യത്തെ നിർവചിച്ച ഇന്ത്യൻ ചിത്രം ‘മാജ് റാതി കെടേകി’ കയ്യടി നേടി. ദൃശ്യങ്ങൾക്കു ശബ്ദത്തേക്കാൾ തീവ്രത അവകാശപ്പെടാവുന്ന തരത്തിൽ നിർമിച്ച ചിത്രം ഒരു എഴുത്തുകാരന്റെ ആത്മ നൊംബരങ്ങളെ തുറന്നു കാട്ടി. കാലാതീതമായ കഥാപാത്രങ്ങളുണ്ടാകണമെങ്കിൽ വേറിട്ട ജീവിത സാഹചര്യങ്ങളിൽ ജീവിച്ച യാഥാര്‍ഥ വ്യക്തികളെ കഥാപാത്രങ്ങളായി തന്റെ സൃഷ്ടിയിലേക്കു പറിച്ചു നടണമെന്നു ചിത്രം പറയാതെ പറഞ്ഞു. സാന്ത്വന ബർദ്ദോളിയുടെ സംവിധാന മികവ് എടുത്തു പറയണം. 

സൗത്ത് ആഫ്രിക്കയിൽ നിന്നുമെത്തിയ ‘സിങ്ക്’ തികച്ചും മൂന്ന് വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്നുള്ള മൂന്നു പേർ നഷ്ടങ്ങളിൽ എങ്ങനെ ഒരുമിക്കുന്നുവെന്നതിനെപ്പറ്റി പറഞ്ഞു. കാഴ്ചക്കാരന്റെ ഹൃദയത്തെ മുറിപ്പെടുത്തുന്ന സംഭവ വികാസങ്ങളെ ചിത്രം ആവിഷ്കരിച്ചു. വേറിട്ട സിനിമാ അനുഭവം തന്നെയാണു ബ്രെറ്റ് മിഷേൽ ഇന്നെസ് സംവിധാനം ചെയ്ത ഈ ആഫ്രിക്കാൻസ് ചിത്രം സമ്മാനിച്ചത്. പതിനാലാമത് മേളയിൽ പ്രദർശിപ്പിച്ച ‘മൈ സീക്രട്ട് സ്കൈ’ എന്ന ചിത്രത്തെ ‘സിങ്ക്’ ഓർമിപ്പിച്ചു. 

ടിബെറ്റൻ ഭാഷയിലൊരുങ്ങിയ ചൈനീസ് ചിത്രം ‘സോൾ ഓൺ എ സ്ട്രിംഗ്’ അത്യപൂർവ സംഭവങ്ങളുടെ പ്രതിഫലനമായി. സാംഗ് യാങ് സംവിധാനം ചെയ്ത ചിത്രം നിർമിച്ച രീതി പരീക്ഷണ സ്വഭാവമുള്ളതായിരുന്നു. പുതിയ ചില കീഴ്‌വഴക്കങ്ങൾക്കു തുടക്കം കുറിക്കാൻ ഒരു പക്ഷേ ഈ ചിത്രം കാരണമായേക്കും. 

ഘാനയിൽ നിന്നെത്തിയ ‘ദി കഴ്സ്ഡ് വൺസ്’ എന്ന ചിത്രം യഥാർഥ സംഭവങ്ങളെ പ്രമേയമാക്കി പുറത്തിറങ്ങിയതാണ്. നാന ഒബിറി യേബോ, മാക്സി മില്ലൻ എന്നിവർ‌ ചേർന്നു സംവിധാനം ചെയ്ത ചിത്രം ആഫ്രിക്കൻ സമൂഹത്തിലെ ധാർമ്മികത, സാമൂഹിക ജീവിതം, അഴിമതി എന്നിവ ചർച്ച ചെയ്തു. ഇംഗ്ലീഷ് ഭാഷയിലാണു ചിത്രം കാഴ്ചക്കാരുടെ മുന്നിലെത്തിയത്. 

ഇന്ത്യൻ സിനിമയുടെ അക്ഷയ ഖനിയായ ബംഗാളിൽ നിന്നുമെത്തിയ ‘ദി ലാസ്റ്റ് മ്യൂറൽ’ നിരൂപക പ്രശംസ പിടിച്ചു പറ്റി. സാധാരണ കാഴ്ചയ്ക്കു അപ്പുറത്തേയ്ക്കു സഞ്ചരിക്കുന്ന തരത്തിലാണു കലാകാരന്മാരുടെ ജീവിതമെന്നു ഉദ്ബോധിപ്പിക്കുന്ന ചിത്രം കലയും കച്ചവടവും തമ്മിലുള്ള സംഘർഷത്തെ പ്രമേയമാക്കി. അന്ധ ചിത്രകാരനായ ബിജോൺ ബോസും യുവ ചിത്രകാരിയായ തിഥിയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയാണു ചിത്രം. പുതിയ ഒരു ഉദ്യമ ഏറ്റെടുത്തതോടെ ബിജോണിനു നേരിടേണ്ടി വന്ന വെല്ലുവളികൾ ചിത്രം ചർച്ച ചെയ്തു. സാങ്കേതികപരമായി മുന്നിൽ നിന്ന ചിത്രം പ്രമേയപരമായി മേളയിൽ പ്രദർശിപ്പിച്ച മറ്റു ചിത്രങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു. 

‘വാട്ടർ ഹൗസെ’ന്ന സ്പാനിഷ് ചിത്രം ഹാസ്യത്തിനു പ്രാധാന്യം നൽകുന്നതായിരുന്നു. കാഴ്ചക്കാരനെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച മത്സര വിഭാഗ ചിത്രം ഒരു പക്ഷേ ജാക്ക് സാഗ കബാബി സംവിധാനം ചെയ്ത ഈ ചിത്രമായിരിക്കും. പ്രമേയപരമായി മുന്നിൽ നിന്ന ചിത്രം അഭിനേതാക്കളുടെ പ്രകടന മികവ് കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. 

‘നൈഫ് ഇൻ ദി ക്ലിയർ വാട്ടറെ’ന്ന മാൻഡറിൻ ചിത്രം ചില ചൈനീസ് സാഹചര്യങ്ങളുടെ നേർക്കാഴ്ചയായി. അവിശ്വസിനീയമായ ഒരു കഥയെയാണു വാംഗ് സൂവോ സംവിധാനം ചെയ്ത ഈ ചിത്രം അവതരിപ്പിച്ചത്. സാങ്കേതിക വിദ്യയുടെ പൂർണത ഒരു പരിധി വരെ ചിത്രത്തിനു അവകാശപ്പെടാവുന്ന മേന്മയാണ്. 

ഒരു ഫിലിപ്പൈൻ ട്രാൻസ്ജെൻഡറുടെ കഥ പറഞ്ഞ ‘ഡൈ ബ്യൂട്ടിഫുൾ’ പരീക്ഷാണാത്മകമായ പരിശ്രമമാണ്. നിറപ്പകിട്ടാർന്ന ജീവിതം നയിച്ച തൃഷയെന്ന ട്രാൻസ്ജൻഡറുടെ മരണ ശേഷമുള്ള ആഗ്രഹങ്ങൾ കൂട്ടുകാര്‍ സാധിച്ചു കൊടുക്കുന്നതും അവളുടെ അച്ഛന്റെ ആഗ്രഹവും തമ്മിലുള്ള സംഘർഷം ചിത്രം നിർവചിക്കുന്നു. ജ്യൂൺ റോബിൾ ലെന സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ കരഘോഷത്തോടെ പ്രതിനിധികൾ സ്വീകരിച്ചു. 

ചില ജാതിയ്ക്കും വർഗത്തിനും ചില തൊഴിലുകൾ പറഞ്ഞിട്ടുണ്ടെന്നും അതിൽ നിന്നും ഒളിച്ചോടാൻ‌ ആർക്കും കഴിയില്ലെന്ന സാമൂഹികാവസ്ഥയെ നിർവചിക്കുകയാണു ‘മാൻഹോളെ’ന്ന മലയാള ചിത്രം. ഒരു മലയാളി സംവിധായികയുടെ ചിത്രം ആദ്യമായി മത്സര വിഭാഗത്തിലെത്തിയെന്ന പ്രത്യേകത ‘മാൻഹോളി’നു അവകാശപ്പെടാം. വിധു വിൻസന്റിന്റെ സംവിധാനവും ഉമേഷ് ഓമനക്കുട്ടന്റെ തിരക്കഥയും മോശമാക്കിയില്ല. പരമ്പരാഗത തൊഴിലുകളും ആധുനിക സംസ്കാരവും തമ്മിലുള്ള കാലാനുസൃതമായ സംഘർഷം ചിത്രം തുറന്നു കാട്ടിയിട്ടുണ്ട്. 

മേളയുടെ ഭാഗമായ പതിമൂന്നായിരത്തോളം പ്രതിനിധികൾ ഈ ചിത്രങ്ങളെല്ലാം കണ്ടില്ലെന്ന കാര്യം യാഥാർഥ്യമാണ്. എന്നിരുന്നാലും ‘ക്ലാഷാ’ണു കൂടുതൽ പേരെയും വിസ്മയിപ്പിച്ചത്. മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രങ്ങളും മികച്ച നിലവാരം പുലർത്തി. ഇന്ത്യൻ സിനിമയുടെ നിലവാരം ലോകോത്തര സമവാക്യങ്ങളിലേക്കു മാറിയെന്ന യാഥാർഥ്യം മത്സര വിഭാഗങ്ങളിലെ ചിത്രങ്ങളെ പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഒപ്പം വരും വർഷ മേളയ്ക്കു ഇതിനേക്കാൾ മികച്ച ചിത്രങ്ങളെത്തുമെന്നു നമുക്ക് പ്രത്യശിക്കുകയും ചെയ്യാം.

© വിഷ്ണു വംശ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s