വമ്പൻ ബജറ്റിൽ രാജാ 2 വരുന്നു ..
“രാജ സൊൽവത് താൻ സെയ്വ… സെയ്വതു മട്ടും താ സൊൽവ”- മലയാളക്കരയെ ഇളക്കിമറിച്ച ഈ പഞ്ച് ഡയലോഗ് ഒരിക്കൽക്കൂടി തീയറ്ററുകളെ പ്രകമ്പനം കൊള്ളിക്കും…
രാജാ തിരിച്ചുവരികയാണ്.
കൂടുതൽ ആവേശത്തോടെ…
കൂടുതൽ സാങ്കേതികത്തികവോടെ.
2010ൽ തീയറ്ററുകളെ പൂരപ്പറമ്പാക്കിയ പോക്കിരിരാജക്ക് രണ്ടാം ഭാഗം വരുന്നു. പുലിമുരുകന്റെ ചരിത്ര വിജയത്തിന് ശേഷം,
നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും, സംവിധായകൻ വൈശാഖും
വീണ്ടും ഒരുമിക്കുകയാണ്.
അതും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം.
ചിത്രത്തെക്കുറിച്ചുള്ള ആദ്യസൂചനകൾ തന്നെ മമ്മൂട്ടിയുടെ ആരാധകരെ ആവേശകൊടിമുടിയിലെത്തിച്ചു കഴിഞ്ഞു .
ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവർത്തകരും, VFX ടീമും, താരങ്ങളും സഹകരിക്കുന്ന ചിത്രം, മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം ചിത്രീകരണം ആരംഭിക്കുകയാണ്.
ഒരു പക്ഷേ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ബജറ്റ് സിനിമകളിലൊന്ന്.
“രാജാ 2, രാജാ എന്ന കഥാപാത്രത്തിന്റെ തുടർച്ചയാണ്, പോക്കിരിരാജ എന്ന സിനിമയുടെ തുടർച്ചയല്ല.” സംവിധായകൻ വൈശാഖ് വ്യക്തമാക്കുന്നു. “പുതിയ ചിത്രത്തിൽ രാജാ എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും, കഥാപശ്ചാത്തലവും, ആഖ്യാനരീതിയും തികച്ചും പുതിയതാണ്. രാജാ 2 കൂടുതൽ ചടുലവും കൂടുതൽ സാങ്കേതിക മികവ് നിറഞ്ഞതുമാണ്. പൂർണമായും 2017ലെ ചിത്രം.”
മെഗാസ്റ്റാറിനൊപ്പം വീണ്ടും ഒത്തുചേരുന്നതിലെ സന്തോഷം സംവിധായകൻ ഒട്ടും മറച്ചുവെച്ചില്ല,
“ഏഴ് വർഷത്തെ കാത്തിരിപ്പാണത്,
തീവ്രമായ ആഗ്രഹം.
ഓരോ തവണ കാണുമ്പോഴും മമ്മൂക്ക പറയുമായിരുന്നു,
എത്ര ലേറ്റായാലും കുഴപ്പമില്ല,പക്ഷെ നമ്മളൊരുമിക്കുന്ന അടുത്ത ചിത്രം ഒരു ബോക്സ് ഓഫീസ് ചരിത്രമാകണമെന്ന് .
ആ പ്രതീക്ഷ നിലനിർത്താൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് എന്റെ ഉറച്ച വിശ്വാസം. അതുകൊണ്ട് തന്നെ കാര്യമായ മുന്നൊരുക്കത്തോടെയാണ് പുതിയ ചിത്രം ചെയ്യുന്നത്.
നവീന സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ചിത്രത്തിൽ പ്രയോജനപ്പെടുത്തും.
രാജാ 2 പൂർണമായും ഒരു മാസ്സ് സിനിമയാണ്. എന്നാൽ അത് പഴയ പോക്കിരിരാജയുടെ
ഒരു രൂപത്തിലായിരിക്കുകയുമില്ല. കാരണം ഓരോ കാലഘട്ടത്തിലും
സിനിമയുടെ ആസ്വാദനത്തിൽ
അതാത് കാലഘട്ടത്തിന്റേതായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും . അതുകൊണ്ടുതന്നെ ഇപ്പോൾ ഞങ്ങൾ ശ്രമിക്കുന്നത് പഴയ പോക്കിരിരാജക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാക്കാനല്ല,
മറിച്ച് പുതിയ കാലഘട്ടത്തിന്റെ ആസ്വാദനത്തിനനുസൃതമായ ഒരു പുതിയ കഥയും കഥാപശ്ചാത്തലവും തയ്യാറാക്കി അതിലേക്ക് ‘രാജാ’ എന്ന കഥാപാത്രത്തെ, ആ ക്യാരക്ടറിന്റെ എല്ലാ സവിശേഷതകളോടും കൂടി ലയിപ്പിക്കാനാണ്.
ആക്ഷനും മാസ്സ് സീനുകളും ധാരാളമായിയുള്ള ഒരു സിനിമ തന്നെയായിരിക്കും രാജാ 2.
അതെ സമയം തന്നെ കുട്ടികളേയും ഫാമിലിയേയും തൃപ്തിപ്പെടുത്തുന്ന തരത്തിൽ കോമഡിയും ഫാമിലിഡ്രാമയും എല്ലാം ചേർന്ന ഒരു സമ്പൂർണ
ഫാമിലി മാസ്സ് എന്റർടൈനർ കൂടിയായിരിക്കും അത്.
മമ്മൂക്കയിൽ നിന്നും പ്രേക്ഷകർ ആവേശത്തോടെ കാണാൻ ആഗ്രഹിക്കുന്നതെല്ലാം രാജാ 2ൽ ഉണ്ടായിരിക്കും.
ഏപ്രിൽ ആദ്യവാരം രാജാ 2 ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.
ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എന്തായാലും കാത്തിരിക്കാം രാജയുടെ രാജകീയമായ രണ്ടാം വരവിനായി…